സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ‘2018’ സിനിമ കരാർ ലംഘിച്ച് ഒടിടിക്കു നേരത്തെ നൽകിയതിൽ പ്രതിക്ഷേധിച്ചാണ് സൂചന പണിമുടക്ക്. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ പറഞ്ഞു.
സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും വലിയ ഹിറ്റായ ‘2018’ ജൂൺ 7ന് സോണി ലിവ്വിലൂടെ ഒടിടി റിലീസിനെത്തുകയാണ്. ചിത്രം പുറത്തിറങ്ങി 33ാം ദിവസമാണ് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്.
അതേസമയം ഈ വിഷയത്തിൽ തിയറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്ന് ജൂഡ് ആന്തണി പറഞ്ഞു.
‘‘തിയറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല.’’–ജൂഡ് ആന്തണി പറഞ്ഞു.